Announcements
പ്രസിദ്ധീകരണത്തിന് തീയതി : 24.07.2019
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ
നിക്ഷേപ ഗ്യാരന്റി പത്ര വിതരണം 2019 ജൂലൈ 26ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ആഡിറ്റോറിയത്തില്‍
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 2012ല്‍ രൂപീകരിക്കപ്പെട്ടതാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ്. സമ്പദ്‌വ്യവസ്ഥയിലും നാടിന്റെ വികസനക്ഷേമരംഗത്തും നിര്‍ണായക സംഭാവനകള്‍ നല്‍കിവരുന്ന സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി ഉറപ്പാക്കിയ ആദ്യസംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇന്ന് നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം നിക്ഷേപിച്ച സഹകരണ സംഘത്തിന് നിക്ഷേപ തുക നല്‍കാനായില്ലെങ്കില്‍ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് രണ്ടു ലക്ഷം രൂപാ വരെ നിബന്ധനകള്‍ക്ക് വിധേയമായി ഓരോ നിക്ഷേപകനും ഗ്യാരന്റി നല്‍കുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് പോലും ഒരു ലക്ഷം രൂപാ വരെ ഗ്യാരന്റി നല്‍കാന്‍ മാത്രം വ്യവസ്ഥയുളള സാഹചര്യത്തിലാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഇടപാടുകാരുടെ നിക്ഷേപങ്ങള്‍ക്ക് ഈ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത് കൃത്യമായി പുതുക്കി വരുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരന്റി ഉറപ്പാക്കിയിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലല്ലാതെ സഹകരണം എന്നവാക്ക് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെയും, ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമല്ലാത്ത സഹകരണ സംഘങ്ങളുടെയും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്നതല്ല. ഗ്യാരണ്ടി ഉറപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഇടപാടുകാര്‍ക്ക് കാണത്തക്കവിധം നിക്ഷേപ ഗ്യാരന്റി പത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ബഹു.സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ ചെയര്‍മാനായ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് നിക്ഷേപ സുരക്ഷ ഉറപ്പാക്കി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഊട്ടിയുറപ്പിച്ച് മുന്നേറുകയാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് സഹകരണ മേഖലയില്‍ അനുദിനം വര്‍ധിച്ചു വരുന്ന നിക്ഷേപത്തിന്റെ അടിസ്ഥാനം.
.സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കിയ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി പത്രം വിതരണം ചെയ്യുന്ന ചടങ്ങ് 2019 ജൂലൈ 26-ാം തീയതി കോഴിക്കോട് കോര്‍പ്പറേഷന്‍ ആഡിറ്റോറിയത്തില്‍ വച്ച് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. നിക്ഷേപ ഗ്യാരന്റി പത്ര വിതരണ സമ്മേളനം ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷനാകും. വിശിഷ്ടാതിഥിയായി പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ പങ്കെടുക്കും. നിക്ഷേപ ഗ്യാരന്റി പത്ര വിതരണം ബഹു. സഹകരണസംഘം രജിസ്ട്രാര്‍ ഡോ.പി.കെ. ജയശ്രീ ഐ.എ.എസ് നിര്‍വ്വഹിക്കും.
പി.എ.സി.എസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.രമേഷ് ബാബു, പി.എ.സി.എസ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കോഴിക്കോട് സഹ:സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശ്രീ. വി.കെ രാധാകൃഷ്ണന്‍, മലപ്പുറം സഹ:സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശ്രീ. ടി മുഹമ്മദ് അഷ്‌റഫ്, വയനാട് സഹ: സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശ്രീ. റഹിം.പി, കോഴിക്കോട് സഹ:സംഘം ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ്) ശ്രീ. എം.കെ കൃഷ്ണദാസന്‍, മലപ്പുറം സഹ:സംഘം ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ്) ശ്രീമതി. സുബൈദ എം, വയനാട് സഹ:സംഘം ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ്) ശ്രീ. ചന്ദ്രന്‍ കോയ്‌ലോടന്‍, കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് അംഗങ്ങളായ ശ്രീ.കെ രാമകൃഷ്ണന്‍, ശ്രീ. കുടത്താംകണ്ടി സുരേഷ്, ശ്രീമതി. സുജല കെ.പി എന്നിവര്‍ സംസാരിക്കും. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് സെക്രട്ടറി ശ്രീമതി. എം. റഫീക്കാ ബീവി സ്വാഗതവും, ബോര്‍ഡ് മാനേജര്‍ ശ്രീ. കെ.എസ് അരുണ്‍ നന്ദിയും പറയും.